( ~ )

Tuesday, May 20, 2008

സ്ത്രീസ്വത്വ പ്രതിനിധാനം മാധവിക്കുട്ടികഥകളില്‍

സമൂഹമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒരു ആദര്‍ശവനിതാബിംബമുണ്ട്. കാലങ്ങളായി നിലനിന്നുപോരുന്നതും വിവിധമാര്‍ഗ്ഗങ്ങളാല്‍ നവീകരിക്കപ്പെട്ടുപോരുന്നതുമായ ഒരു മലയാളിസ്ത്രീസങ്കല്‍പ്പം.ഇതിനെ ഒരു വാര്‍പ്പുമാതൃക എന്നു വിളിക്കാം.പുരാണേതിഹാസങ്ങള്‍മുതല്‍ സത്യന്‍ അന്തിക്കാടിന്റെ കുടുംബചിത്രങ്ങള്‍ വരെ ഈ മാതൃകയെ വാര്‍ത്തെടുക്കുന്നതില്‍ ഭേദപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.നന്മയുടേയും ത്യാഗത്തിന്റേയും സൌന്ദര്യത്തിന്റേയും മാര്‍ദ്ദവത്തിന്റേയും പ്രതിരൂപമായ ഐശ്വര്യവതിയായ ഈ സ്ത്രീരൂപത്തെ മുണ്ടും നേരിയതും മുല്ലപ്പൂവും സ്വര്‍ണാഭരണങ്ങളും വട്ടപ്പൊട്ടും കൊണ്ടലങ്കരിച്ച് വിശേഷാല്‍പ്രതികളുടെ മുഖചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല.

സാധാരണ മനുഷ്യജീവിയില്‍ നിന്ന് വളരെ വ്യത്യാസങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീ വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിലെന്തോ അപകടമുണ്ട്. ഒന്നുകില്‍ മയക്കുവെടിവെച്ചുവീഴ്ത്തും;അല്ലെങ്കില്‍ കൂകിയൊതുക്കും.മാധവിക്കുട്ടിയ്ക്ക് എന്താണു സംഭവിച്ചത്?മാധവിക്കുട്ടിയുടെ പെണ്‍ചിത്രീകരണങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ?സ്വന്തം ശരീരത്തെക്കുറിച്ച് ഒരു സ്ത്രീ ചില കാര്യങ്ങള്‍ തുറന്നുപറയാനൊരുങ്ങിയപ്പോള്‍ മലയാളി ഞെട്ടിയതെന്തിനാണ്?മേല്‍സൂചിപ്പിച്ച വാര്‍പ്പുമാതൃകയ്ക്ക് ചില്ലറ ഏറുകള്‍ കൊണ്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു ആ ഞെട്ടലുകള്‍.മാധവിക്കുട്ടിതന്നെ പറഞ്ഞു:


"എന്റെ കഥ' വായിച്ച് ഇവിടെ ഒരുത്തനും ഞെട്ടിയില്ല,ഞെട്ടിയതായി അഭിനയിക്കുക മാത്രം ചെയ്തു..."


അപ്പോള്‍ സദാചാരമായിരുന്നില്ല പ്രശ്നം.ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും അഗമ്യഗമനവും സംബന്ധഏര്‍പ്പാടുകളും നിര്‍വിഘ്നം തുടര്‍ന്നുവന്ന ഒരു സമൂഹത്തിന് ലൈംഗികതയോട് എന്തുപേടി?അങ്ങനൊരു പേടിയുണ്ടായിരുന്നെങ്കില്‍ മലയാളി ഒ.വി.വിജയനെ കൊന്ന് തൂങ്ങിമരിക്കുമായിരുന്നല്ലോ! മാധവിക്കുട്ടിക്കുപിന്നാലെവന്ന പുത്തന്‍തലമുറ എഴുത്തുകാരികളെ തൊട്ട് ശുദ്ധം മാരുമായിരുന്നില്ലല്ലോ.നളിനി ജമീലയെ മുണ്ടിനടിയില്‍ ഒളിപ്പിച്ചുവച്ച് വായിച്ചുരസിക്കുമായിരുന്നില്ലല്ലോ!


സമൂഹത്തിന്റെ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സ്ത്രീയെ ആശ്രയിച്ചുനില്‍ക്കുന്നു. ദാമ്പത്യവും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തേണ്ട ബാദ്ധ്യത സ്ത്രീയെ ഏല്‍പ്പിക്കേണ്ടതെങ്ങിനെ എന്നറിയാന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ ഒന്നുകണ്ടുനോക്കുക.സ്ത്രീകളാണ് കുടുംബസിനിമകളുടെ വിജയത്തിനുപിന്നില്‍ എന്ന സമവാക്യം ഇതോടുചേര്‍ത്തുവായിക്കാം.

സ്ത്രീകള്‍ സ്വത്വബോധമുള്ളവരായി മാറണം എന്നുമാത്രമേ സ്ത്രീവാദികള്‍ പറഞ്ഞിട്ടുള്ളൂ. അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുവെന്നു വരാം. മാധവിക്കുട്ടിയുടെ പെണ്‍കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അങ്ങനെയാണ്.

ഭ്രമാത്മകഭാവനയുടെ എഴുത്തുകാരിയാണ് മാധവിക്കുട്ടി.താനെഴുതിയതിനെയൊക്കെയും അവര്‍ പലകുറി നിഷേധിച്ചിട്ടുണ്ട്:


"ആര്‍ക്കുവേണം സ്വാതന്ത്ര്യം? ആരാണീ ഫെമിനിസ്റ്റുകള്‍?"

മാധവിക്കുട്ടിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ അവരുടെ കഥകളിലും പ്രകടമാണ്.ഒരു സമൂഹത്തിന്റെ പെണ്‍ചിത്രീകരണത്തെ , സ്ത്രീസ്വത്വപ്രതിനിധാനത്തെ മാധവിക്കുട്ടികഥകള്‍ എപ്രകാരമാണ് പരുവപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ഒരു വിചിന്തനം ആവശ്യമാണ്.

പുരുഷസ്പര്‍ശം കാത്തിരിക്കുന്ന സ്ത്രീ, പുരുഷന്റെ സ്നേഹത്തിനു മുമ്പില്‍ വെണ്ണപോലെ അലിയുന്ന സ്ത്രീ, അവന്റെ സ്നേഹനിരാസം കാരണം മരണം വരിക്കുന്ന സ്ത്രീ, ജോലികള്‍ തീര്‍ത്തുമാത്രം മരിച്ചുവീഴുന്ന സ്ത്രീ, ആഭരണങ്ങളും പട്ടുവസ്ത്രങ്ങളും തോല്‍ച്ചെരിപ്പും ധരിച്ച് കാമുകനെ കാണാന്‍ യാത്ര ചെയ്യുന്ന സ്ത്രീ, വേലക്കാരെക്കൊണ്ട് ആഹാരം എടുത്തുവെപ്പിച്ച് കഴിക്കുന്ന സമ്പന്നസ്ത്രീ, കാറും ബംഗ്ലാവുമുള്ള, പുരുഷ സൌഹൃദങ്ങളും സാഹിത്യ സമ്മേളനങ്ങളും ആസ്വദിക്കുന്ന സ്ത്രീ, ഭര്‍ത്താവിനെ പ്രീതിപ്പെടുത്താന്‍ അഹോരാത്രം യത്നിക്കുന്ന സ്ത്രീ..

മാധവിക്കുട്ടിയുടെ കഥാലോകത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്ന് വിശദമാക്കാനാണ് ഇത്രയും ഉദാഹരണങ്ങള്‍ നിരത്തിയത്. ദാമ്പത്യത്തിലെ കയ്പിനെ തുടരെത്തുടരെ രചനാ വിഷയമാക്കിയെങ്കിലും മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും സമൂഹം നിര്‍ദ്ദേശിക്കുന്ന ആദര്‍ശഭാര്യമാര്‍ക്ക് വേണ്ട ഗുണങ്ങള്‍ ഉള്ളവരാണ്.സമൂഹത്തിന്റെ ലിംഗപരമായ അനീതിയോട് വാക്കാല്‍ പ്രതികരിക്കാത്തവരുമാണ്.


- "മഹിളാസമാജം തെരഞ്ഞെടുപ്പില്‍ ആരാണ് സെക്രട്ടറിയായത് എന്നറിയാമോ? ഞാന്‍." അവള്‍ അഭിമാനത്തോടും ലജ്ജയോടുംകൂടി ചിരിക്കും.

-തലമുടിയില്‍ പട്ടുനാടകെട്ടി അതിന്റെ അറ്റം തെരുപ്പിടിച്ചുകൊണ്ട് അയാളെ കാത്ത് അവള്‍ ജനല്‍പ്പടിമേല്‍ ഇരുന്നു.

-ഭാര്യയില്‍ കുറവു കണ്ടാലല്ലേ വേറെ സ്ത്രീകളെ അന്വേഷിച്ചുപോവുക.

-ദേഹത്തോടു ചേര്‍ന്നുകിടക്കുന്ന പച്ച ബ്ലൌസ്,മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍, അഴിഞ്ഞുകിടക്കുന്ന ചുരുണ്ടമുടി.

-"ഗുരുവായൂരപ്പാ, എനിക്കു രാജത്തിന്റെ നിറവും ദേവുവിന്റെ പല്ലും കിട്ടണേ."

-ഇതൊക്കെ അറിഞ്ഞിരുന്നിട്ടും അദ്ദേഹം എന്തുകൊണ്ട് തന്നെ ശകാരിച്ചില്ല? ഉപേക്ഷിച്ചില്ല? എന്തുകൊണ്ടാണ് ക്ഷമയോടെ ഇതൊക്കെ സഹിച്ചിരുന്നത്?
[പുഴ വീണ്ടും ഒഴുകി]

-അവള്‍ തന്റെ ഇഷ്ടത്തിനു നില്‍ക്കുന്നുവല്ലോ.അവള്‍ എന്തു നല്ല ഭാര്യയാണ്......

-അവള്‍ തലതാഴ്ത്തിയാണ് സംസാരിക്കുന്നത്

-അലമാരകളില്‍ സ്ഫടികഭരണികള്‍ നിറഞ്ഞു. മുറുക്ക്.നാരങ്ങാക്കറി

-അയാളുടെ മുണ്ടുകള്‍ അവള്‍ തിരുമ്പി വെളുപ്പിച്ചു.

-ഇതു മഞ്ഞളല്ല,പ്രസാദമാണ്, അമ്മമ്മ തന്നതാണ്, മംഗല്യത്തിനാ.....

-ആണുങ്ങളായാല്‍ കുറച്ചിങ്ങനെയൊക്കെയുണ്ടാവില്ലേ കല്യാണത്തിനു മുന്‍പ്?

-അവള്‍ പുഞ്ചിരിക്കുന്നുണ്ടോ? അതോ കോണുകളുയര്‍ന്ന ചുണ്ടിന്റെ സ്ഥിരഭാവമാണോ അത്? [അമ്മു]

-തണുത്ത പട്ടുചേലകളുടുത്ത് കാലില്‍ കസവുചെരിപ്പിട്ട് അവള്‍ പതുക്കെനടന്ന് അയാളുടെ ഓഫീസിലെത്താറുണ്ട്. [യജമാനന്‍]

-അമ്മു ഒരു പൊട്ടിപ്പെണ്ണാണ്,തൊട്ടതിനൊക്കെ കരയും.

-കല്യാണം കഴിഞ്ഞു,ഇനിയൊക്കെയും അയാളുടെ അധികാരം.
[ഒരു ദിവസം രാവിലെ]


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടിയാണ് മലയാളികള്‍ക്കിടയില്‍ ആധുനികപൊതുമണ്ഡലം എന്നൊന്നുണ്ടായത്.[മിനി സുകുമാര്‍, ജെ.ദേവിക- കേരളീയ പൊതുമണ്ഡലത്തില്‍ സ്ത്രീവാദരാഷ്ട്രീയത്തിന്റെ സാധ്യതകള്‍]


ഒരു പൊതുസമൂഹം ,മുഖ്യധാരയുടെ ഗതി നിയന്ത്രിക്കാന്‍ കെല്പുള്ള, മുഖ്യധാരയായിത്തന്നെ മാറാന്‍ കഴിവുള്ള ഒരു പൊതുമണ്ഡലം രൂപപ്പെട്ടു. ഈ പൊതുഇടത്തിലും സ്ത്രീയുടെ സ്ഥാനം നിര്‍ണ്ണയിച്ചിരുന്നത് ലിംഗാധികാരം തന്നെ. ബാഹ്യലോകവും ചിന്താപരമായ ഔന്നത്യവും പുരുഷനും, വീടും വൈകാരിക ലോകവും സ്ത്രീക്കുമാണ് കല്പിക്കപ്പെട്ടിരുന്നത്. മാധവിക്കുട്ടിയുടെ സ്ത്രീപക്ഷസ്വരം എത്ര ശക്തമായിരുന്നാലും അത് ഗാര്‍ഹികപരിസരങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീത്വത്തെ കൂടുതല്‍ വൈകാരികമായ കെട്ടുപാടുകളിലേക്ക് നയിച്ചതേയുള്ളൂ. ഒ.വി.വിജയനും മുകുന്ദനും എം.ടി യും കൈകാര്യം ചെയ്ത വിഷയങ്ങള്‍ മലയാളിയുടെ ചിന്തയുടെ അതിര്‍ത്തികള്‍ വിശാലമാക്കിയപ്പോള്‍ മാധവിക്കുട്ടിയുടെ എതിര്‍സ്വരങ്ങള്‍ തറവാട്ടിലും തെക്കിനിയിലും വിദൂരനഗരത്തിലെ വാടകവീട്ടിലെ ഒറ്റമുറിയിലും ചുറ്റിനടക്കുന്ന സ്ത്രീജന്മങ്ങളില്‍ ഒതുങ്ങി. വൈകാരികമല്ലാത്ത വിഷയങ്ങളില്‍ തല്പരരായ സ്ത്രീകഥാപാത്രങ്ങള്‍ മലയാളസാഹിത്യത്തിലെ പെണ്ണെഴുത്തുവിഭാഗത്തില്‍ വളരെ വിരളമാണ്.ഒരു വത്സലയെയോ ഒരു കെ.ആര്‍.മീരയെയോ കണ്ടെത്തിയേക്കാം.ഇവര്‍ മുന്‍ നിര സ്ത്രീവാദികളല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാധവിക്കുട്ടിയുടെ അനുകര്‍ത്താക്കള്‍ സ്ത്രീയുടെ ലൈംഗികതയിലും ശരീരനിഷ്ഠമായ സമസ്യകളിലും അഭിരമിക്കുകയാണ്ചെയ്തത്.ഫെമിനിസവും പെണ്ണെഴുത്തും ഒരു പരിധിവരെ ശരാശരി മലയാളിവായനക്കാര്‍ക്ക് ചെടിപ്പുണ്ടാക്കാന്‍ കാരണവും ഇതുതന്നെ. ഡോ:എസ്.ശാരദക്കുട്ടി പറയുന്നതുപോലെ ഒരു സ്ത്രീയും ഇരുപത്തിനാലുമണിക്കൂറും സ്ത്രീത്വത്തീല്‍ മുങ്ങിയല്ല ജീവിക്കുന്നത്.[എസ്.ശാരദക്കുട്ടി-പെണ്‍വിനിമയങ്ങള്‍]


സ്ത്രീ രചനകള്‍ എപ്പോഴും സ്ത്രീപക്ഷത്താവണമെന്നില്ല.അവയിലെ സ്ത്രീ ചിത്രീകരണമാണ് അവയുടെ ചേരി ഏതാണെന്ന് തീരുമാനിക്കുന്നത്.മാധവിക്കുട്ടിയുടെ 'കോലാട്' ശക്തമായ സ്ത്രീ(പക്ഷ)രചനയാണെന്ന് പറയാറുണ്ട്.പരിമിതമായ അര്‍ത്ഥത്തില്‍ അത് ശരിയുമാണ്.കോലാട് എന്ന പേരു തന്നെ അനാകര്‍ഷകയും ദുര്‍ബലയുമായ ഒരു ഇരയെയാണ് ചിത്രീകരിക്കുന്നത്. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച് രോഗശയ്യയില്‍ നിന്നും മരണത്തിലേക്കു നീങ്ങുന്ന വീട്ടമ്മ അന്ത്യനിമിഷത്തില്‍ ആത്മഗതം ചെയുന്നത് 'അയ്യോ പരിപ്പ് കരിയ്ണ്ട്ന്ന് തോന്ന്ണു' എന്നാണ്.'അതുകേട്ട് അവളുടെ ഭര്‍ത്താവിന്റെ കണ്ണുകള്‍ നനഞ്ഞു' എന്ന് മാധവിക്കുട്ടി എഴുതുന്നു.

ഒരു ഇരയ്ക്ക് ഇരയുടെ പദവി നേടിയെടുക്കുക അത്ര എളുപ്പമല്ല.(ഷര്‍മ്മിള ശ്രീകുമാര്‍-സമകാലീനമലയാളി/സ്ത്രീ:അകത്തോ പുറത്തോ?-ആണരശുനാട്ടിലെ കാഴ്ചകള്‍-കേരളം സ്ത്രീപക്ഷ ഗവേഷണത്തില്‍) ഉദാഹരണം ലളിതം. കുലസ്ത്രീ മാനഭംഗപ്പെടുത്തപ്പെട്ടാല്‍ അവള്‍ 'നിസ്സഹായയായ ഇര' എന്ന പദവിക്ക് യോഗ്യതനേടും. മാനഭംഗപ്പെടുത്തപ്പെടുന്നത് വേശ്യയാണെങ്കില്‍ അവള്‍ ഒരു ഇരപോലുമല്ല. ഈ 'പാവം ഇര' എന്ന പദവിക്കുവേണ്ടിയാണ് പ്രാചീനകാലം മുതല്‍ ഇന്നുവരെ സ്ത്രീകള്‍ മത്സരിക്കേണ്ടത് എന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.കോലാട് ഭാര്യാ-മാതൃധര്‍മ്മങ്ങളെല്ലാം വീഴ്ചവരുത്താതെ അനുഷ്ഠിച്ച് രക്തസാക്ഷിയാവുന്നതുകൊണ്ട്‍ാ‍ണ് ഭര്‍ത്താവിന്റെ കണ്ണുനനയിക്കുക എന്ന മഹത്തായ നേട്ടം അവള്‍ കൈവരിക്കുന്നത്.അതുകൊണ്ട് കോലാടിനെ നാം ആരാധിക്കുന്നു.കസ്തൂര്‍ബാഗാന്ധിയുടെ ഭൌതികശരീരം ചിതയിലേക്കെടുത്തപ്പോള്‍ ജിതേന്ന്ദ്രിയനായ ഗാന്ധിജിയുടെ കണ്ണുകള്‍പോലും നിറഞ്ഞുപോയി എന്ന പ്രസ്താവന ഒന്നു വിശകലനം ചെയ്തു നോക്കുക. ഈ കണ്ണുനീര്‍ത്തുള്ളികള്‍ ഇരകളുടെ യോഗ്യതയ്ക്കുള്ള(സഹനം,ത്യാഗം,പതിഭക്തി,കുടുംബസ്നേഹം) സമ്മാനമാകുന്നു.

മേല്‍ ഉദ്ധരിച്ച കഥാഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇരകളുടെ യോഗ്യതാമാനദണ്ഡങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.മാധവിക്കുട്ടിയുടെ രചനകളിലെ സ്ത്രീകളെ മൊത്തത്തില്‍ രണ്ടുവിഭാഗങ്ങളായി തിരിക്കാം. ഇരാപദവിക്ക് അര്‍ഹരായവരും അര്‍ഹരല്ലാത്തവരും. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കിടക്കയിലേക്ക് നടക്കുന്ന സ്ത്രീകള്‍, വൃദ്ധര്‍, ഭ്രാന്തര്‍, വേശ്യകള്‍, വിരൂപകള്‍, ദരിദ്രര്‍, ദളിതര്‍,പരിഷ്കാരപ്പകിട്ടേറിയ കൊച്ചമ്മമാര്‍, വിദ്യാഭ്യാസം 'കൂടിപ്പോയ' സ്ത്രീകള്‍, അഹങ്കാരികളായ സ്ത്രീകള്‍-ഇവരൊക്കെ ഇരയാകാനുള്ള യോഗ്യത നഷ്ടപ്പെട്ടവരാണ്.ഇവരുടെ എതിര്‍ചേരിയാണ് സമൂഹത്തിന്റെ ലിംഗാധികാരത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള 'യഥാര്‍ത്ഥ' ഇരകള്‍. അവരുടെ ദുരന്തങ്ങള്‍ സഹതാപാര്‍ഹങ്ങളാവുന്നത് സ്വാഭാവികം.ഓടി രക്ഷപ്പെടാമായിരുന്നില്ലേ, നിലവിളിക്കാമായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുടെ പരിധിക്കുപുറത്താണ് ഇവരുടെ സ്ഥാനം.

ഇത്തരമൊരു പദവി വ്യത്യാസം കൂടി സ്ത്രീപദവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കണക്കിലെടുക്കേണ്ടതാണ്. മാധവിക്കുട്ടികഥകള്‍ പെണ്ണെഴുത്തിന്റെ ബൈബിളായി വാഴ്ത്തപ്പെടുന്നതിനുമുന്‍പ് കഥകളിലൂടെ പൊട്ടിത്തെറിച്ച എഴുത്തുകാരിയാണ് സരസ്വതിയമ്മ. സരസ്വതിയമ്മയ്ക്കില്ലാത്ത സ്വീകാര്യത മാധവിക്കുട്ടിക്ക് ലഭിച്ചു എന്നത് നിഷേധിക്കാനാവില്ല. മലയാളിസമൂഹത്തിന്റെ സഹജമായ അധമബോധം (ജാതീയമായതും അല്ലാത്തതും) മാധവിക്കുട്ടിയെന്ന വ്യക്തിയെയും അവരുടെ രചനകളെയും അനാരോഗ്യകരമായ തരത്തില്‍ അതിലാളന നല്‍കി ഒതുക്കിയിട്ടുണ്ടോ എന്ന സംശയം ന്യായമാണ്. സരസ്വതിയമ്മയെ അപേക്ഷിച്ച് മാധവിക്കുട്ടിയില്‍ അതിവൈകാരികത കാണാം. പെണ്ണെഴുത്തിനുള്ള യോഗ്യത അതായി ഗണിച്ച് സ്ത്രീയ്ക്ക് നിര്‍ദ്ദിഷ്ടമായിരിക്കുന്ന ഗാര്‍ഹിക ഇടത്തിലേക്ക് അവളെ നീക്കിനിര്‍ത്താനുള്ള ശ്രമങ്ങളുടെ വിജയമായിരുന്നു മാധവിക്കുട്ടി രചനകളിലെ അശ്ലീലത്തെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളുടെ ആത്യന്തിക ഫലം.

കേരളീയ സമൂഹത്തിന്റെ സ്ത്രീസ്വത്വരൂപീകരണത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിട്ടുള്ള രചനകളാണ് മാധവിക്കുട്ടിയുടേത്. ലിംഗപഠനങ്ങളുടെ (gender studies) വെളിച്ചത്തില്‍ അവരുടെ രചനാലോകം അവലോകനം ചെയ്യുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ വായനക്കാരനു ലഭിക്കുന്നു.കലാപകാരിയായ ഒരു ഫെമിനിസ്റ്റിനെ മാധവിക്കുട്ടിയില്‍ തിരയുന്നതിനോടൊപ്പംതന്നെ വാര്‍പ്പുമാതൃകകളോട് അവരുടെ സ്ത്രീകഥാപാത്രങ്ങള്‍ എപ്രകാരം സന്ധിചെയ്യുന്നുവെന്നുകൂടി അന്വേഷിക്കാവുന്നതാണ്.അര്‍ത്ഥപൂര്‍ണ്ണമായ പുനര്‍വായനകളും തുടരന്വേഷണങ്ങളുമാണ് സാഹിത്യത്തെ ജീവിതവുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നത്.


Labels: , , , ,

posted by രാജശ്രീ at 11:59 AM

10 Comments:

രാജശ്രീ
വളരെ വളരെ നന്ദി സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു.

വളരെ നല്ല ലേഖനം. സ്ത്രീ എഴുത്തുകാരിയായ മാധവിക്കുട്ടിയെ ചൂണ്ടിക്കാട്ടുന്നതു മാത്രമല്ല, മാധവിക്കുട്ടിയുടെ കഥകളിലൂടെ നല്ലൊരു പെണ്‍പക്ഷ അവലോകം കൂടി തന്നതിനു വളരെ നന്ദി.

May 21, 2008 at 12:54 PM  

മാധവിക്കുട്ടിയുടെ കഥകളിലേയ്ക്ക് പോകും മുമ്പ് അവരുടെ സ്മരണകളിൽ നിന്നു വായിച്ചെടുക്കുവാൻ പറ്റുന്ന അവരുടെ സ്ത്രീസ്വത്വം ഇങ്ങനെയല്ല തന്നെ. കഥകളിൽ നിന്നു മാ‍ധവിക്കുട്ടി ഒരു സ്ത്രീപക്ഷ ആക്റ്റിവിസ്റ്റൊന്നുമായിരുന്നില്ലെന്ന് തെളിയുന്നതാണ്, ചെറിയെ ചില റിവോൾടുകളേ അവർക്കു കഥയിലും ജീവിതത്തിലും രേഖപ്പെടുത്തുവാൻ കഴിഞ്ഞിരിക്കുകയുള്ളൂ. [അമ്മു ഒരു പൊട്ടിപ്പെണ്ണാണ്,തൊട്ടതിനൊക്കെ കരയും] എന്നീ വരികൾ എടുത്തെഴുതി സൂചിപ്പിക്കുന്നതെന്താണ്? ദുർബലയായ ഒരു സ്ത്രീയെ മാധവിക്കുട്ടി ചിത്രീകരിച്ചെന്നാണോ? നെയ്പായസത്തിലെ അമ്മ സൂചിപ്പിക്കുന്നതെന്താണ്? മരിക്കുമ്പോഴും മക്കൾക്കു ആഹാരമുണ്ടാക്കി മരിച്ചുപോകണമെന്നോ?

മാധവിക്കുട്ടിയുടെ കഥകളിൽ ദുർബലരും വീടിന്റെ ചുറ്റുപാടുകളിലേയ്ക്ക് ഒതുങ്ങിപ്പോയതുമായ ഒട്ടനവധി സ്ത്രീകളുണ്ട്, ഇവരുടെ ബിംബവൽക്കരണം ഒരു ഐക്കൺ ക്രിയേറ്റ് ചെയ്യണം എന്നമട്ടിലായിരുന്നില്ല, ഒരു തരത്തിലും ആദർശസ്ത്രീരൂപങ്ങളെ സൃഷ്ടിച്ചെടുക്കുവാൻ മാധവിക്കുട്ടി ശ്രമിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മറിച്ചു ദുർബലരായ ഒട്ടനവധി സ്ത്രീകളെ അത്തരം അവസ്ഥകളോടു ഖേദകരമായി പ്രതികരിക്കുകയായിരുന്നു മാധവിക്കുട്ടി. വീട്ടുപണിയൊന്നും ചെയ്യാൻ അനുവദിക്കപ്പെടാതെ മുഴുവൻ സമയ സാഹിത്യപ്രവർത്തനവുമായിക്കഴിഞ്ഞ അവരുടെ അമ്മയോടു പോലും ഇതേ വികാരമാണ് മാധവിക്കുട്ടി പ്രദർശിപ്പിക്കുന്നത്, അതവർക്ക് ഒരു ആഘോഷമല്ലെന്നു തിരിച്ചറിയുവാൻ ഫെമിനിസം വരെ പോകണോ?

ഏറ്റവും ചുരുങ്ങിയത് എന്തുകൊണ്ടു ഞാൻ പുരുഷനു തുല്യയല്ല എന്നു ചോദിക്കുവാനെങ്കിലും മാധവിക്കുട്ടിയുടെ സാഹിത്യജീവിതത്തിനു കഴിഞ്ഞിട്ടുണ്ട്.

May 21, 2008 at 1:31 PM  

ഇഞ്ചി, നല്ലൊരു തുടക്കം പ്രതീക്ഷിക്കുകയായിരുന്നു. ഇതുപോലൊരവസരം തന്നതിനു നന്ദി.
രാജ് നീട്ടിയത്ത്,
അഭിപ്രായത്തിനും വിമര്‍ശനത്തിനും നന്ദി.ലേഖനം മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ സംഭാവനകളെ വിലകുറച്ചുകാണാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല.കേരളീയ സമൂഹത്തിന്റെ സ്ത്രീസ്വത്വനിര്‍മ്മിതിയില്‍ പൌരാണിക കൃതികള്‍മുതല്‍ സ്ത്രീപക്ഷത്തുനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന സ്ത്രീരചനകള്‍ വരെയുള്ളവ വഹിച്ച പങ്കു പരിശോധിക്കുന്നതിനിടയില്‍ രൂപപ്പെട്ട ആശയങ്ങളാണവ. പെണ്‍മയെക്കുറിച്ചും പെണ്ണത്തത്തെക്കുറിച്ചും സമൂഹമുണ്ടാക്കിവച്ചിട്ടുള്ള ധാരണകളെ ഉറപ്പിക്കാ‍ന്‍ സഹായിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ മാധവിക്കുട്ടി സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം നിസ്സംശയമാണ്. അതിനാണ് ഉദാഹരണങ്ങള്‍ നല്‍കിയത്.വിസ്താരഭയം കൊണ്ട് കൂടുതല്‍ നിരത്തിയില്ലെന്നുമാത്രം.സ്ത്രീ ചിത്രീകരിക്കപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്ന ഒരു മുന്‍ധാരണ സമൂഹത്തിനുള്ളതാണ്.ആണ്‍കോയ്മ നിലനില്‍ക്കുന്ന ഒരു സമൂഹമായതുകൊണ്ടുതന്നെ സ്ത്രീരൂപനിര്‍മ്മിതിക്ക് വ്യക്തമായ ആണ്‍പക്ഷപാതിത്വമുണ്ടായിരിക്കും.സവര്‍ണ്ണ സമൂഹത്തിന്റെ നിലപാടുകള്‍ ദളിത് വിരുദ്ധത പ്രകടിപ്പിക്കുന്നതുപോലെ.
താങ്കള്‍ തന്നെ പറയുന്നതുപോലെ സ്ത്രീകളുടെ ദുര്‍ബ്ബലാവസ്ഥയോട് പ്രതികരിക്കുകയായിരുന്നു മാധവിക്കുട്ടി.ദുര്‍ബലാവസ്ഥയെന്നത് ലേഖനത്തിലെ ‘ഇരയെന്ന പദവി’എന്ന പരാമര്‍ശത്തെ സാധൂകരിക്കുന്നു.നല്ല ഇരകളെയും അതിനുയോഗ്യത നേടാത്തവരെയും മാധവിക്കുട്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.gender studies സ്ത്രീവാദവിമര്‍ശനത്തോട് ബന്ധപ്പെട്ടുനില്‍ക്കുന്നതുകൊണ്ടാണ് ഫെമിനിസം വരെ പോയത്.സരസ്വതിയമ്മയ്ക്കു കിട്ടാത്ത സ്വീകാര്യത പുരുഷകേന്ദ്രിതമായ അധികാര വ്യവസ്ഥയില്‍ നിന്ന് മാധവിക്കുട്ടിക്ക് കിട്ടാനുള്ള കാരണങ്ങളിലൊന്ന് അതേസമൂഹം നിര്‍ദ്ദേശിച്ച ദൌര്‍ബല്യമെന്ന പെണ്ണവസ്ഥയുമായിസന്ധിചെയ്തതാണെന്നാണ് എന്റെ വിശ്വാസം.

May 22, 2008 at 2:50 AM  

സ്ത്രീയുടെ പരിശുദ്ധി(?)എന്നൊരു ചാട്ടവാറ് വീശിയാണല്ലൊ നമ്മുടെ സമൂഹമവളെ പലപ്പോഴും ഒതുക്കുന്നതു.ഇതിനെതിരെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും കലാപമഴിച്ച് വിട്ട മാധവികുട്ടിയുടെ പര്സപരവിരുദ്ധമായ നിലപാടുകള്‍ അവരുടെ ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നത് ശരിയാണ്‍.
അവരുടെ വ്യക്തിത്ത്വത്തില്‍ സ്വതസിദ്ധമായി നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ തന്നേയാണതിന്‍ കാരണമെന്നാണ്‍ എനിയ്ക്ക് തോന്നിയിട്ടുള്ളതു.

ബലാല്‍ക്കാരം ചെയ്യപ്പെട്ട പെണ്ണിനോട്
അസ്സലായൊന്നു ഡെറ്റോളൊഴിച്ച് കുളിച്ചാല്‍ മതിയെന്ന് പറഞ്ഞ്,
മാധവിക്കുട്ടി നിസ്സാരവല്ക്കരിച്ച
‘ചാരിത്ര്യശുദ്ധി’-അതായിരുന്നു ഒരു സ്ത്രീയെന്ന നിലയില്‍ നമ്മുടെ യാഥാസ്ഥിതീക സമൂഹത്തിന്‍ അവറ്നല്കിയ ഏറ്റവും വലീയ പ്രഹരം.

ചിലപ്പോഴെങ്കിലുമൊക്കെ,ശക്തയായ് ഒരു സ്ത്രീപക്ഷ ചിന്തകയാണവറ്
എന്നു നമുക്ക് പറയേണ്ടിവരുന്നതും അതുകൊണ്ട്തന്നെ.

ശ്രദ്ധാറ്ഹമാണ്‍ രാജശ്രീ‍യുടെ നിരിക്ഷണങ്ങള്‍ എന്നുകൂടിപ്പറയട്ടെ.

May 23, 2008 at 4:38 AM  

Plz change the layout, so hard to read.

May 23, 2008 at 9:22 AM  

പല സ്ത്രീകള്‍ക്കുമുള്ള അനുഭവങ്ങളേ മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ക്കും നേരിടേണ്ടി വന്നത്.എന്നാല്‍ സര്‍‌വം സഹയായ സ്ത്രീയാകാതെ അതെല്ലാം തുറന്നു പറയുന്നു എന്നല്ലാതെ അതിനെ അതിജീവിച്ച് ഒരു സ്ത്രീ സ്വത്വം രൂപീകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.

പക്ഷെ വളരെ ചുരുക്കം വാക്കുകളില്‍ മനസ്സിലാകുന്ന ഭാഷയില്‍ പെണ്‍‌മനസ്സിന്റെ നിഷ്കളങ്കതയെ അവര്‍ എഴുതി ഫലിപ്പിച്ചിട്ടുണ്ട്.

May 23, 2008 at 9:59 PM  

ഇടത്തര/ മധ്യ വര്‍ഗ്ഗത്തില്‍ പെടുന്ന (ജീവിത പ്രതിസന്ധികളെ ഒറ്റയ്ക്കു നേരിടേണ്ടി വന്നിട്ടില്ലാത്ത അതിനാല്‍ ഒരു അതിജീവനം ഒരു ആവ്ശ്യകതല്ലാത്ത (?)) സ്ത്രീകളുടെ ജീവിതത്തില്‍ "ഇവിടെ എല്ലാം ഭദ്രം"" എന്ന ധാരണ പൊളിച്ചെഴുതാനും അവരുടെ വ്യഥകള്‍ (വല്ലമ്മായി പറഞ്ഞ) തുറന്നു പറയുന്നതില്‍ തെറ്റില്ല എന്ന സന്ദേശം നല്‍കാനും അവര്‍ക്കു കഴിഞ്ഞു എന്നതാണു എനിക്ക്‌ തോന്നിയതു...

മാധവി കുട്ടിയ്ക്കും പിന്നെ വന്ന -അവരുടെ അനുകര്‍ത്താക്കളായ- പെണ്‍കുട്ടികള്‍ക്കും അനാവശ്യ ശ്രദ്ധ .(.positive descrimination) ലഭിച്ചു എന്നു കൂടി ശാരദകുട്ടി വിനിമയിക്കുന്നുണ്ടല്ലൊ...അല്ലെ?

സ്വാഗതം രാജശ്രീ

May 24, 2008 at 10:30 PM  

"നന്മയുടെയും ത്യാഗത്തിന്റെയും പ്രതിരൂപമായ, ഐശ്വര്യവതിയായ" മുഖ്യധാരാസിനിമയിലെ സ്ത്രീകഥാപാത്രങ്ങളെയും മാധവിക്കുട്ടിയുടെ 'നായിക'മാരെയും താരതമ്യം ചെയ്യാനുള്ള ശ്രമം ക്രൂരമല്ലെങ്കില്‍ വാസ്തവവിരുദ്ധമെങ്കിലുമാണ്‌. കുടുംബപുരാണത്തിലെ അംബിക 'ഗൃഹസ്ഥാശ്രമം എനിയ്ക്കുള്ളതല്ല' എന്നോ രസതന്ത്രത്തിലെ മീരാ ജാസ്മിന്‍ കുഴയുന്ന നാക്കോടെ 'അതൊരു വെറും ഉറക്കുമരുന്നല്ലേ?' എന്നോ പറയുന്നതായി സങ്കല്‍പിക്കാന്‍ നമുക്കെന്തുകൊണ്ടാണു കഴിയാത്തത്‌? ഈ രണ്ടു മാതൃകകളും ഒന്നായിരുന്നെങ്കില്‍ മലയാളസിനിമയോ ടിവിയോ മാധവിക്കുട്ടിയുടെ കഥകള്‍ക്കു ക്യൂ നില്‍ക്കുമായിരുന്നല്ലോ. അതെന്തുകൊണ്ടു സംഭവിച്ചില്ല? എന്തുകൊണ്ടു സമാന്തരസിനിമയിലെ കെ.പി.കുമാരന്‍ വേണ്ടിവന്നു 'രുഗ്മിണിയ്ക്കൊരു പാവക്കുട്ടി' സിനിമയാക്കാന്‍?

"[അന്നത്തെ മലയാളിസമൂഹത്തിന്‌] ലൈംഗികതയോട്‌ എന്തുപേടി? അങ്ങനെയൊരു പേടിയുണ്ടായിരുന്നെങ്കില്‍ മലയാളി ഒ.വി.വിജയനെ കൊന്നു തൂങ്ങിമരിക്കുമായിരുന്നല്ലോ" ലൈംഗികതയോടായിരുന്നോ പേടി അതോ ലൈംഗികതയെപ്പറ്റി സംസാരിക്കാന്‍ ധൈര്യം കാണിച്ച ഒരു എഴുത്തുകാരിയോടായിരുന്നോ എന്നതാണ്‌ ഒരു ചോദ്യം. അല്ലെങ്കില്‍ വി.കെ.എന്നും വിജയനും നേരിടേണ്ടിവരാത്ത എതിര്‍പ്പുകള്‍ എന്തുകൊണ്ട്‌ മാധവിക്കുട്ടിയ്ക്കു നേരിടേണ്ടി വന്നു? പിന്നീടുവന്ന എഴുത്തുകാരികളെയും നളിനി ജമീലയേയുമൊക്കെക്കുറിച്ചുള്ള ഭയത്തിനു പിന്നിലും ഇതേ പ്രശ്നമായിരുന്നില്ലേ?

"മാധവിക്കുട്ടിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ അവരുടെ കഥകളിലും പ്രകടമാണ്‌." ഇത്തരം വൈരുദ്ധ്യങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിയുന്നതിനല്ലേ ഒരു കലാകാരന്റെ 'റെയ്ഞ്ച്‌' എന്നു പറയുന്നത്‌? ഒരേ നിലപാടുകളുള്ള കഥാപാത്രങ്ങളുടെയും കഥകളുടെയും സമാഹാരത്തിന്‌ മാനിഫെസ്റ്റോ എന്ന പേരായിരിക്കില്ലേ അനുയോജ്യം?

"സ്ത്രീയുടെ ലൈംഗികതയിലും ശരീരനിഷ്ഠമായ സമസ്യകളിലും അഭിരമിക്കുന്ന" അനുകര്‍ത്താക്കളുണ്ടായതും മാധവിക്കുട്ടിയുടെ കുഴപ്പമാണോ? ഏറ്റവുമധികം അനുകര്‍ത്താക്കളുള്ള ശൈലിയുടെ ഉടമകളായത്‌ എം.ടി.യുടെയും വിജയന്റെയും ദൗര്‍ബല്യത്തിന്റെ തെളിവാണോ?

"ഇരയാകാനുള്ള യോഗ്യതനഷ്ടപ്പെട്ടവ"രായി രാജശ്രീ പറയുന്ന വിഭാഗത്തില്‍പ്പെട്ട വേശ്യകളുടെ കഥയായ 'രുഗ്മിണി' എന്തുകൊണ്ടാണ്‌ വായനക്കാരെ പിടിച്ചുലയ്ക്കുന്നത്‌? അവര്‍ ഏതു ഭാര്യാ-മാതൃധര്‍മ്മങ്ങള്‍ നിര്‍വഹിച്ചാണ്‌ രക്തസാക്ഷികളാകുന്നത്‌?

'നന്മയുടെയും ത്യാഗത്തിന്റെയും സൗന്ദര്യത്തിന്റെയും മാര്‍ദ്ദവത്തിന്റെയും പ്രതിരൂപങ്ങളായ' സ്ത്രീകളുടെ വാര്‍പ്പുമാതൃക സൃഷ്ടിയ്ക്കാന്‍ മാധവിക്കുട്ടി സഹായിയ്ക്കുകയായിരുന്നോ അതോ ആ വാര്‍പ്പുമാതൃകകള്‍ക്കൊത്തു ജീവിക്കാന്‍ ശ്രമിച്ചു നരകിച്ച ജീവിതങ്ങള്‍ ചിത്രീകരിക്കുകയോ? ഒരു മഹായുദ്ധവും അതിന്റെ ദുരന്തവും ചിത്രീകരിച്ച വ്യാസന്‍ യുദ്ധക്കൊതിയ്ക്കു മനുഷ്യമനസ്സില്‍ പോഷണം പകരുകയായിരുന്നു എന്നു പറയുന്നതുപോലെയും പുരുഷാര്‍ത്ഥക്കൂത്തിലൂടെ 'അശനം-ദ്യൂതം-രാജസേവ-സ്ത്രീസേവ' എന്നീ നവീനപുരുഷാര്‍ത്ഥചതുഷ്ടയം ചിത്രീകരിച്ച ചാക്യാന്മാര്‍ സമൂഹത്തിലെ ആ ജീര്‍ണ്ണതയ്ക്ക്‌ അംഗീകാരം നേടിക്കൊടുക്കുകയുമായിരുന്നു എന്നു പറയുന്നതുപോലെ തോന്നി ഇതു കേട്ടപ്പോള്‍.

"സരസ്വതിയമ്മയ്ക്കു കിട്ടാത്ത സ്വീകാര്യത പുരുഷകേന്ദ്രിതമായ അധികാര വ്യവസ്ഥയില്‍ നിന്ന് മാധവിക്കുട്ടിക്ക് കിട്ടാനുള്ള കാരണങ്ങളിലൊന്ന് അതേസമൂഹം നിര്‍ദ്ദേശിച്ച ദൌര്‍ബല്യമെന്ന പെണ്ണവസ്ഥയുമായിസന്ധിചെയ്തതാണെന്നാണ് എന്റെ വിശ്വാസം.
"

മലയാളത്തിലെ ആണും പെണ്ണുമായ കഥാകൃത്തുക്കള്‍ രചിച്ച ഏറ്റവും മികച്ച ചില ചെറുകഥകളുടെ സ്രഷ്ടാവായതാണ്‌ ആ സ്വീകാര്യതയ്ക്കു കാരണമെന്ന് ഒരു പക്ഷാന്തരം.

May 24, 2008 at 11:53 PM  

നന്മ-ത്യഗം-മൃദുലത സ്വരൂപമായ വാര്‍പ്പുമാതൃകകളെ സൃഷ്ടിയ്ക്കയല്ല മാധവിക്കുട്ടി ചെയ്തിട്ടുള്ളത്. പ്രതീകാത്മ്കമായിട്ട് പ്രായമായ അമ്മയെ കിണറ്റില്‍ തള്ളീ കൊല്ലുന്നവളെ എവിടെ നിറുത്തും? “അവന്തി രാജകുമാരിയിലെ ധര്‍മ്മക്കാരിയെ? “വക്കീലമ്മാമന്‍” ലെ പെണ്‍കുട്ടികളെ? സ്വന്തം കൊലപാതകത്തിനു കത്തി പണിയിക്കുന്ന പര്‍ദ്ദ ധരിച്ച സ്ത്രീയെ? ഭര്‍ത്താവിനെ മധുവിധുക്കാലത്തു തന്നെ വകവരുത്താന്‍ വാടകക്കൊലയാളിയെ തേടുന്നവളെ?

മാധവിക്കുട്ടിയ്ക്കു സ്വീകാര്യത കിട്ടിയിട്ടുണ്ടെങ്കില്‍ ഇത്തരം കഥാപാത്രങ്ങളും അതിനു കാരണമാണ്. പിന്നെ സരസ്വതിഅമ്മയുടെ വായനക്കാലമല്ലാ‍ായിരുന്നു മാധവിക്കുട്ടിയുടെ വായനക്കാലം.

“രുക്മിണിയ്ക്കൊരു പാവക്കുട്ടി” അല്ലാതെ അവരുടെ ചില കഥകള്‍ റ്റി. വി. സിനിമകള്‍ ആക്കിയിട്ടുണ്ട്.

May 29, 2008 at 6:16 PM  

സ്വാഗതം രാജശ്രീ

August 3, 2008 at 4:29 AM  

Post a Comment

<< Home

//http://photos1.blogger.com/blogger/914/2985/1600/girl5.0.jpge